International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുഎസിന്റെ ശത്രുത ഏപ്രിൽ ഏട്ടിന് നിലവിൽ വന്ന വെടിനിർത്തലിലൂടെ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അതിനാൽ, ഇറാൻ യുദ്ധം തുടരുന്നതിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും ട്രംപ് യുഎസ് കോൺഗ്രസിനെ അറിയിച്ചു.
വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്കയച്ച കത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. യുഎസിലെ വാർ പവേഴ്സ് ആക്ട് പ്രകാരം ഒരു രാജ്യത്തിനെതിരേയുള്ള സൈനികനടപടി ആരംഭിക്കുന്നതിനെക്കുറിച്ച് നിയമനിർമാതാക്കൾക്ക് അറിയിപ്പ് ലഭിച്ച് 60 ദിവസത്തിനകം യുഎസ് കോൺഗ്രസിന്റെ അനുമതി തേടിയിരിക്കണം. അല്ലാത്തപക്ഷം എല്ലാ യുദ്ധനടപടികളും അവസാനിപ്പിക്കണം.
എന്നാൽ, ഫെബ്രുവരി 28-നാരംഭിച്ച യുദ്ധം വെടിനിർത്തലിലൂടെ അവസാനിച്ചെന്നും ഏപ്രിൽ ഏഴിനുശേഷം ഇറാനിൽ നേരിട്ടുള്ള സൈനികനടപടികളൊന്നും നടക്കാത്തതിനാൽ കോൺഗ്രസിന്റെ അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ വാദം.
International
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാന് കരാറുണ്ടാക്കാൻ താത്പര്യമുണ്ടെങ്കിലും അതിനായി അവർ സമർപ്പിച്ച നിർദേശങ്ങളിൽ തനിക്കു തൃപ്തി ഇല്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഫോണിലൂടെ ചർച്ച തുടരുന്നുണ്ട്. ഇറേനിയൻ ഭരണതലപ്പത്ത് ഭിന്നതയുണ്ടെന്നും നേതൃനിര രണ്ടോ മൂന്നോ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാൻ വഴി ഇറാൻ അമേരിക്കയ്ക്കു കൈമാറിയ പുതിയ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.
അമേരിക്ക പ്രകോപനസമീപനം മാറ്റിയാൽ ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കൻ ഭീഷണി നേരിടാൻ ഇറാൻ തയാറെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇസ്രയേൽ-അമേരിക്ക ആക്രമണം പുനരാരംഭിക്കുമെന്ന നിഗമനത്തിൽ ഇറാൻ തയാറെടുപ്പുകൾ നടത്തുന്നതായി സൂചനയുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവർത്തന സജ്ജമാക്കിയെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്. ഹ്രസ്വകാലത്ത് കനത്ത തോതിലുള്ള ആക്രമണം അമേരിക്ക നടത്തിയേക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ആക്രമിക്കപ്പെട്ടാൻ വിപലമായ തിരിച്ചടി നല്കാനുള്ള നീക്കത്തിലാണ് ഇറാൻ.
ഇറാനെ ആക്രമിക്കാൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് ട്രംപ്
ഇറാനെതിരായ ആക്രമണം തുടരാൻ അമേരിക്കൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് പ്രസിഡന്റ് ട്രംപ്. ഏപ്രിൽ എട്ടിലെ വെടിനിർത്തലോടെ ഇറാനുമായുള്ള ശത്രുത ഇല്ലാതായി എന്നും ട്രംപ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
നിയമപ്രകാരം കോൺഗ്രസിന്റെ അനുമതി ഇല്ലാതെ 60 ദിവസം യുദ്ധം നടത്താനേ പ്രസിഡന്റിന് അനുമതിയുള്ളൂ. ഈ കാലാവധി വെള്ളിയാഴ്ച അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വിശദീകരണം.
വെടിനിർത്തൽ കാലാവധി ചൂണ്ടിക്കാട്ടി നിയമത്തെ മറിടക്കാനാണ് ട്രംപിന്റെ ശ്രമമെന്നു പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ പുതിയ സൈനിക നടപടികൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു. ഇറാനെ ചർച്ചാമേശയിലെത്തിക്കാനായി ഹ്രസ്വകാലത്തേക്ക് അതിശക്തമായ ആക്രമണം നടത്താനുള്ള പദ്ധതി അമേരിക്കൻ സേന തയാറാക്കിയെന്നാണു റിപ്പോർട്ട്.
കരയാക്രമണത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള മറ്റൊരു പദ്ധതിയും യുഎസ് സേന തയാറാക്കിയിട്ടുണ്ട്. പദ്ധതികൾക്ക് അനുമതി നല്കണമോ എന്ന് ട്രംപ് തീരുമാനിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതുമൂലം എണ്ണവില വർധിക്കുന്നതും തടയേണ്ടതുണ്ട്.
അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചാൽ ഹോർമുസ് തുറക്കാനും ചർച്ചയ്ക്കിരിക്കാനും തയാറാണെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയ്ക്ക് ഇതു സ്വീകാര്യമല്ല. ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ സംഘർഷം പുനരാരംഭിക്കാതിരിക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നുവെന്ന വാർത്ത മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയർന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വില ഒരുഘട്ടത്തിൽ 126 വരെ ഉയർന്നിരുന്നു. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 116 ഡോളറിലേക്കു താണു.
യുദ്ധാനന്തരം ഹോർമുസിൽ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാനായി അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്. മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ് എന്ന പേരിലായിരിക്കും സഖ്യം. ഇക്കാര്യത്തിൽ സഖ്യരാജ്യങ്ങൾ അഭിപ്രായം അറിയിക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ നേരത്തേ ഇത്തരമൊരു സഖ്യരൂപവത്കരണത്തിന്റെ സാധ്യത ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ, യുദ്ധം പൂർണമായി അവസാനിച്ചശേഷമേ ഇതു സാധ്യമാകൂ എന്നായിരുന്നു തീരുമാനം.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വ്യാജ വാർത്താ മാധ്യമങ്ങൾ വായിച്ചാൽ, നമ്മൾ യുദ്ധത്തിൽ തോൽക്കുകയാണെന്നു നിങ്ങൾക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോർട്ടുകൾ തന്നെയാണ് കാണുന്നത്.
ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാർ ഉണ്ടാകുന്നത് വരെ ഉപരോധം പിൽവലിക്കില്ല. ഇത് ഇറാനെ പൂർണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളർ വീതമാണ് അവർക്ക് നഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ തീരുമാനവുമാണു ആക്രമണത്തിനു പിന്നിലെന്നും ട്രംപ് പറഞ്ഞു.
International
ജെറുസലേം: ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്റെ രാജ്യവും യുഎസും ക്രൂരതയ്ക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഇറാനെ ലക്ഷ്യമിട്ട് നെതന്യാഹു പറഞ്ഞു.
ലോകത്തെ ഭീകരതയിലാഴ്ത്തുന്ന, നമ്മുടെ നാശം ആഗ്രഹിക്കുന്ന, യുഎസിനെ തകർക്കാൻ ശ്രമിക്കുന്ന, പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന വലിയ ഏകാധിപത്യത്തിനെതിരെ യുഎസുമായി ചേർന്ന് ഞങ്ങൾ പോരാടുകയാണ്.
നമ്മൾ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് അവസാനിച്ചിട്ടില്ല. ഏത് നിമിഷവും നമുക്ക് പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകാമെന്നും നെതന്യാഹു പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ ശക്തമായ ബോംബാക്രമണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഭീഷണിയും ഇറാന്റെ നിലപാടും ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
ഏപ്രിൽ പകുതി മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഇറാൻ ഈ നടപടിയെ നിയമവിരുദ്ധമെന്നും പ്രകോപനപരമെന്നും വിളിച്ച് അപലപിച്ചിരുന്നു. ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും, ആണവ കരാറുകൾ, ഉപരോധം നീക്കൽ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. അതേസമയം പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ കൈവശമുള്ള യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ നടത്തിയ സൈനികനീക്കങ്ങളുടെ ഫലമായി രൂപപ്പെട്ട ഈ ആണവ അവശിഷ്ടങ്ങൾ കൈമാറുന്നതിനായി യാതൊരുവിധ പണമിടപാടും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ലെബനനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിൽനിന്നും ഇസ്രയേലിനെ അമേരിക്ക വിലക്കിയതായും ട്രംപ് അറിയിച്ചു.
ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അമേരിക്ക കൈകാര്യം ചെയ്യുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ന്യൂഡൽഹി: ഇസ്ലമാബാദിൽ നടന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിലും യുഎസ്-ഇറാൻ അടുത്ത ഘട്ടം ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടന്നേക്കുമെന്നു റിപ്പോർട്ട്. ഫെബ്രുവരിയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനുനേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഉണ്ടായിരുന്നു. ഇതു മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കു തള്ളിവിട്ടു. എന്നാൽ, പുതിയ സാഹചര്യത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ തേടി ഇരുപക്ഷവും വീണ്ടും ചർച്ചയ്ക്കു തയാറെടുക്കുകയാണ്.
അതിനിടെ, ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. ലോകത്തെ പ്രധാന ഊർജഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ പാതിവഴിയിൽനിന്നു തിരിച്ചിട്ടു. നിലവിൽ ഹോർമുസ് മേഖലയിൽ കപ്പൽ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്.
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക പശ്ചിമേഷ്യയിൽ വൻ സൈനിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പതിനാറ് യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്. എന്നാൽ പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ യുഎസ് യുദ്ധക്കപ്പലുകൾ ഇല്ലെന്നാണു പ്രതിരോധ വക്താക്കൾ നൽകുന്ന വിവരം.
അതേസമയം, നിയമവിരുദ്ധമായ ആവശ്യങ്ങൾ അമേരിക്ക മുന്നോട്ടുവയ്ക്കുന്നില്ലെങ്കിൽ മാത്രമേ ചർച്ചകൾക്കു പ്രസക്തിയുള്ളൂ എന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി. സമാധാനത്തിനു തയാറാണെങ്കിലും അമേരിക്ക ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കിൽ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഇറാൻ സജ്ജമാണെന്നും ഫതാലി വ്യക്തമാക്കി.
International
ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
"ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും.' ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
പാക്കിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കുമുള്ള കപ്പലുകൾ തടയുമെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാമെങ്കിലും ഇറാനുമായി ബന്ധപ്പെട്ട ഗതാഗതത്തിനു പൂർണവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
International
വാഷിംഗ്ടൺ ഡിസി: വൻതോതിലുള്ള ആക്രമണപരമ്പരകളിലൂടെ ഇറാന്റെ സൈനികശേഷിക്കു കനത്ത പ്രഹരമാണ് അമേരിക്ക ഏൽപ്പിച്ചതെന്നും വെടിനിർത്തലിനായി അവർ യാചിക്കുകയായിരുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.
ഇറാന് അപമാനിതമായെന്നും പ്രായോഗികമായ മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അതിനാലാണു വെടിനിർത്തലിനു തയാറായി ചർച്ചയ്ക്കു സന്നദ്ധമായതെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
നേതൃത്വം ദുർബലപ്പെടുകയും സൈനികശേഷി ഇല്ലാതാകുകയും ചെയ്തതിനുശേഷമാണ് ഇറാൻ രണ്ടാഴ്ചത്തെ വെടിനിർത്തലിനു സമ്മതിച്ചത്. തങ്ങളെ കാത്തിരിക്കുന്ന വിധിയേക്കാൾ വളരെ മികച്ചതാണ് ഒരു കരാറിൽ എത്തിച്ചേരുകയെന്ന് ഭരണകൂടം മനസിലാക്കി. ഇറാന്റെ നേതൃത്വത്തെ ആസൂത്രിതമായി ഇല്ലാതാക്കാനായി.
ഇറാൻ ഒരിക്കലും ഒരു ആണവായുധവും കൈവശം വയ്ക്കില്ലെന്ന് വെടിനിർത്തൽ ഉറപ്പാക്കുന്നു. അവരുടെ വിധി നമ്മൾ നിയന്ത്രിക്കുന്നു, മറിച്ചല്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കു വന്നത്. ഇറാന്റെ സൈനിക ഉത്പാദനശേഷി തകർന്നു. ആ രാജ്യത്തിന് ഇനി മിസൈലുകൾ, റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവ നിർമിക്കാൻ കഴിയില്ല.
വൻതോതിലുള്ള ആക്രമണപരമ്പരകളിലൂടെ ഇറാന്റെ സൈനികശേഷിക്കു കനത്ത പ്രഹരമാണ് യുഎസ് ഏൽപ്പിച്ചത്-പീറ്റ് ഹെഗ്സെത് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മാത്രം ഇറാനിൽ 800 ആക്രമണങ്ങൾ നടത്തിയെന്നും ഇതുവഴി ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകർത്തുവെന്നും ഫാക്ടറികൾ നിലംപരിശാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ഇസ്ലാമാബാദ്: ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഇറാന് നൽകിയ അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടി നൽകണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
"മധ്യപൂർവദേശത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ ശ്രമങ്ങൾക്ക് ഫലം കൈവരിക്കാൻ കഴിയും. നയതന്ത്രം നടക്കുന്നതിനായി സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് ആത്മാർത്ഥമായി അഭ്യർഥിക്കുന്നു'.-ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു.
അതേ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ട്രംപിനോട് അഭ്യർഥിച്ചു.
ഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ട്. ഇറാനിൽ സമ്പൂർണവുമായ ഭരണമാറ്റം സംഭവിച്ചു. എങ്കിലും അത്ഭുതകരമായ എന്തെങ്കിലും ഒന്ന് സംഭവിക്കാം. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറും. 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കും.-ട്രംപ് കുറിച്ചു.
International
വെല്ലിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് ഭീഷണി അംഗീകരിക്കാനാവില്ലെന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ.
നിലവിൽ മേഖലയിൽ കൂടുതൽ സൈനിക നടപടി ആവശ്യമില്ല. സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാനാണു ലോകം ശ്രദ്ധ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ ജലസംഭരണികൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ തർക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി.
ഒരു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ ബോബിടുന്ന നടപടിയെ ഒരുകാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു.
International
ടെഹ്റാൻ: ചൊവ്വാഴ്ചയ്ക്കു മുമ്പു ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കിയില്ലെങ്കിൽ ഇറാനെ തരിപ്പണമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി അവജ്ഞയോടെ തള്ളി ഇറാൻ. ആക്രമണത്തിനു ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലിലെ ഹൈഫയിൽ വൻ ആക്രമണവും നടത്തി.
പത്തു തവണ ഹൈഫയിൽ ആക്രമണം നടന്നതായിട്ടാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെ ഒരു പാർപ്പിട സമുച്ചയത്തിൽ ഇറേനിയൻ മിസൈൽ പതിച്ചു രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു. രണ്ടു പേരെകൂടി കണ്ടെത്താനുണ്ട്.
ഗൾഫിൽ ആക്രമണം തുടരുന്നു
ഗൾഫ് മേഖലയിലുടനീളവും ഇറാന്റെ ആക്രമണം തുടരുകയാണ്. കുവൈറ്റിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾക്കും എണ്ണ പ്ലാന്റുകൾക്കും നേരെയും ബഹ്റിനിലെ ഒരു എണ്ണക്കമ്പനിക്കു നേരെയുമാണ് ആക്രമണമുണ്ടായത്.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും നേരെ കടുത്ത ആക്രമണം നടത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ, ഇതു വകവയ്ക്കാതെയാണ് ഇറാന്റെ പുതിയ പ്രകോപനങ്ങൾ. തങ്ങളെ ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ പാലങ്ങളും എണ്ണപ്ലാന്റുകളും തകർക്കുമെന്നാണ് അവർ മറുഭീഷണി മുഴക്കിയിരിക്കുന്നത്.
ഇതിനിടെ, ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണവും രൂക്ഷമായി. 12 നഗരങ്ങളിലെങ്കിലും ആക്രമണങ്ങൾ നടന്നു. ടെഹ്റാനിലെ ബഹാരെസ്താൻ കൗണ്ടിയിൽ മാത്രം 13 പേർ കൊല്ലപ്പെട്ടു.
ടെഹ്റാൻ പ്രവിശ്യയിൽ രാത്രിയിൽ നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ 10 വയസിൽ താഴെയുള്ള നാലു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും കൊല്ലപ്പെട്ടതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പിന്തുണയുമായി യുഎഇ
ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന ബഹ്റിന്റെ ആവശ്യത്തിനു യുഎഇ തിങ്കളാഴ്ച
പിന്തുണ അറിയിച്ചു. ഇതൊരു പ്രാദേശിക പ്രശ്നം മാത്രമല്ലെന്നും ആഗോള സുസ്ഥിരതയ്ക്കു നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റിൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
നടപടികളില്ലാതെ കടന്നുപോകുന്ന ഓരോ ദിവസവും ലോകം വലിയൊരു പ്രതിസന്ധിയിലേക്ക് അടുക്കുന്നു, ഇതിന്റെ ഏറ്റവും കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നത് ഗ്ലോബൽ സൗത്ത് (വികസ്വര) രാജ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
International
ടെഹ്റാൻ: പീപ്പിൾസ് മുജാഹിദ്ദീൻ ഓർഗനൈസേഷൻ ഓഫ് ഇറാൻ (പിഎംഒഐ) എന്ന പ്രതിപക്ഷ സംഘടനയുമായി ബന്ധമുള്ള രണ്ടുപേരുടെ വധശിക്ഷ ഇന്നലെ നടപ്പാക്കിയതായി ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.
ആയുധങ്ങളുമായി ആക്രമണം നടത്തിയതിന് 2024 ജനുവരിയിൽ അറസ്റ്റിലായതാണ് ഇവർ.
രാഷ്ട്രീയത്തടവുകാരെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഇറാന്റെ ദുർബലതയാണ് വെളിവാകുന്നതെന്ന് പിഎംഒഐ പ്രതികരിച്ചു.
ഏതാനും ദിവസങ്ങൾ മുന്പ് പിഎംഒഐയിലെ നാല് അംഗങ്ങളെ ഇറേനിയൻ ഭരണകൂടം വധശിക്ഷയ്ക്കു വിധേയരാക്കിയിരുന്നു.
International
ടെഹ്റൻ: തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ വാർത്താ ചാനൽ.
"ഇന്ന് രാവിലെ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്താൻ സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോഹ്ഗിലുയെയിലെയും ബോയർ-അഹ്മദ് പ്രവിശ്യയിലെയും പ്രിയപ്പെട്ടവരും ബഹുമാന്യരുമായ ജനങ്ങളേ, ശത്രു പൈലറ്റിനെ ജീവനോടെ പിടികൂടി പോലീസിനും സൈനിക സേനയ്ക്കും കൈമാറുകയാണെങ്കിൽ, നിങ്ങൾക്ക് വിലപ്പെട്ട ഒരു പ്രതിഫലവും ബോണസും ലഭിക്കും.'-എന്നാണ് ചാനൽ അവതാരകൻ വായിച്ചത്.
15,500 ചതുരശ്ര കിലോമീറ്ററിലധികംവ്യാപിച്ചുകിടക്കുന്ന പർവതപ്രദേശമാണ് കോഗിലുയെ, ബോയർ-അഹ്മദ് പ്രവിശ്യകൾ. അയൽപ്രവശ്യകളായ ചഹാർമഹൽ, ബക്തിയാരി എന്നിവിടങ്ങളിൽ തിരച്ചിൽ നടത്താനും ഇറാനിയൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വിമാനം തകർന്നുവീണ ഉടൻതന്നെ പൈലറ്റിനെ പിടികൂടാൻ ജനങ്ങൾ കാറുകളിൽ സ്ഥലത്തേക്ക് പോയിരുന്നു. എന്നാൽ, പൈലറ്റിനോട് മോശമായി പെരുമാറാൻ ആരെയും അനുവദിക്കരുതെന്ന് ഇറാൻസേന പൊതുജനങ്ങളോട് അഭ്യർഥിച്ചു.
NRI
ടെഹ്റാൻ: ഇറാനിൽ ഇന്റേൺഷിപ്പിനുപോയ യുവാവ് വീട്ടിലേക്ക് വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇടുക്കി ഉപ്പുതറ ആലടി ആഞ്ഞിലിമൂട്ടിൽ സജന്റെ മകൻ ജെറിൻ ജോസഫ് വീട്ടിലേക്ക് ഫോൺ വിളിച്ചത്.
ഞങ്ങൾ കപ്പലിൽ സുരക്ഷിതരാണ്, ഇറാനിലെ ബുഷാർ എന്ന സ്ഥലത്താണുള്ളത് എന്നാണ് ജെറിൻ മാതാപിതാക്കളോട് പറഞ്ഞത്. മർച്ചന്റ് നേവി കോഴ്സ് കഴിഞ്ഞ് 2025 ജൂലൈ 27നാണ് ജെറിൻ ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയത്.
അന്നു മുതൽ മിക്കവാറും ദിവസം വീട്ടിലേക്ക് വിളിച്ചിരുന്നു. ഇറാൻ - ഇസ്രയേൽ - അമേരിക്ക യുദ്ധം തുടങ്ങിയതോടെ ജെറിന് വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ഫെബ്രുവരി 27ന് രാവിലെ 11.13നാണ് അവസാനമായി ജെറിന്റെ സന്ദേശം വീട്ടുകാർക്ക് കിട്ടിയത്. യുദ്ധം പ്രശ്നമാണെന്നും പിറ്റേന്നു വിളിക്കാം എന്നുമായിരുന്നു സന്ദേശം.
എന്നാൽ, പിന്നീട് വിളിക്കുകയോ, സന്ദേശമയയ്ക്കുകയോ ചെയ്തില്ല. അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഇതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു.
ഇന്റേൺഷിപ്പിന് അയച്ച ചെന്നൈ രുദ്രാക്ഷ മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. അവർ സുരക്ഷിതരാണ് എന്ന മറുപടി മാത്രമാണ് അവിടെനിന്നു കിട്ടിയത്.
അതിനുശേഷം 35-ാം ദിവസം മകനുമായി സംസാരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ജെറിന്റെ മാതാപിതാക്കൾ.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി.
ഞങ്ങൾ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കൂടി എടുത്തോ ഈ ദൗത്യം പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുത്തനെ കുറയുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാൻ ഇനി മറ്റു രാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും അമേരിക്കയുടെ താൽപര്യങ്ങൾ മാത്രമാണ് തനിക്ക് പ്രധാനമെന്നും ട്രംപ് വ്യക്തമാക്കി.
വരുംദിവസങ്ങൾ നിർണായകമാണെന്നും മറ്റ് സഖ്യകക്ഷികൾ സ്വന്തം സുരക്ഷയ്ക്കായി പോരാടാൻ ശീലിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
International
കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ കുവൈറ്റിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഉടൻ ഇന്ത്യയിലെത്തിക്കും. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം.
ശുഐബയിലെ ജല ശുദ്ധീകരണ പ്ലാന്റിനു നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.
സന്താന ശെൽവം മരിച്ച സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുവാവിന്റെ കുടുംബത്തോടുള്ള അനുശോചനം എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
International
ടെഹ്റാൻ: ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ട് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവയ്ക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു.
ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.
International
ടെഹ്റാൻ: ഇറാനിലെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആണവനിലയത്തിന് സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.
പ്ലാന്റിന്റെ പരിസരത്ത് ഒരു പ്രൊജക്ടൈൽ പതിച്ചതായി ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ജീവനക്കാർക്ക് പരിക്കേറ്റതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഐഎഇഎ പറഞ്ഞു.
അതേസമയം സമീപ ദിവസങ്ങളിൽ ആണവ കേന്ദ്രത്തിന് സമീപം നടന്ന രണ്ടാമത്തെ ആക്രമണമാണിത്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കൻ ഡിമാൻഡുകൾ അംഗീകരിക്കാൻ ഇറാൻ തയാറാവില്ലെന്നാണ് ഇസ്രേലി അനുമാനമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു.
International
ടെഹ്റാൻ: ദേശസുരക്ഷ അപകടത്തിലാക്കുന്ന ഇന്റർനെറ്റ് പ്രവർത്തനങ്ങൾ ചെയ്തുവെന്നു കണ്ടെത്തിയ 466 പേരെ അറസ്റ്റ് ചെയ്തതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചശേഷം ഇറാനിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലാകുന്ന സംഭവമാണിത്.
ദേശദ്രോഹ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേർ ഈ മാസം ഇറാനിൽ അറസ്റ്റിലായിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഞ്ച് ദിവസത്തേയ്ക്കാണ് നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്.
അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം.
ഇറാനുമായി തുടരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇറാന്റെ പവർ പ്ലാന്റുകൾക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവച്ചതായി സേനകൾക്ക് നിർദ്ദേശം നൽകിയെന്നും ട്രംപ് വ്യക്തമാക്കി.
International
ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം 1970-കളിലേക്കാൾ വലിയൊരു ഊർജ പ്രതിസന്ധിയിലേക്കു ലോകത്തെ എത്തിക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) മേധാവി ഫാത്തി ബിറോൾ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടനങ്ങൾ തുടരുന്നതിനിടെയാണ് ബിറോളിന്റെ മുന്നറിയിപ്പ്.
ഓസ്ട്രേലിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബിറോൾ. അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതാണു നിലവിലെ കടുത്ത പ്രതിസന്ധിയുടെ കാരണം. 48 മണിക്കൂറിനുള്ളിൽ ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാന്റെ ഊർജകേന്ദ്രങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയിട്ടുണ്ട്.
യുദ്ധം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ബ്രെന്റെ ക്രൂഡ് ഓയിലിനു നിലവിൽ ബാരലിന് 111 ഡോളറിനു മുകളിലാണു വില. യുദ്ധം തുടങ്ങുന്ന സമയത്ത് 70 ഡോളറായിരുന്ന എണ്ണവില കഴിഞ്ഞ ആഴ്ച 119 ഡോളർ വരെ എത്തിയിരുന്നു. ഉത്പാദനത്തെയും കപ്പൽ ഗതാഗതത്തെയും യുദ്ധം സാരമായി ബാധിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ വലിയ അനിശ്ചിതത്വം തുടരുമെന്നാണു വിലയിരുത്തൽ.
അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ദക്ഷിണ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളിൽ പതിച്ചു. ഇസ്രയേലിന്റെ പ്രധാന ആണവഗവേഷണ കേന്ദ്രത്തിനു സമീപമുണ്ടായ ആക്രമണത്തിൽ 160ലേറെ പേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്.
നാലാം വാരത്തിലേക്കു കടക്കുന്ന യുദ്ധത്തിൽ ഇറാനിൽ 1,500-ലധികം പേരും ലെബനനിൽ ആയിരത്തോളം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുഎസ് സൈനികരും ഇസ്രയേൽ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളെ അപലപിക്കാത്ത മോദിസർക്കാരിനെ വിമർശിച്ചു കോണ്ഗ്രസ്.
ആക്രമണങ്ങളെ അപലപിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്താത്ത മോദിസർക്കാരിന്റേതു ഇന്ത്യയുടെ സാംസ്കാരികമൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും ധാർമികമായ ഭീരുത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം ആരംഭിച്ചിട്ട് 21 ദിവസമായി.ആക്രമണം ഇന്ത്യയുൾപ്പെടെയുള്ള എല്ലായിടത്തും സാന്പത്തിക തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ഇറാനിലെ ഉന്നതനേതാക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെയും ഇറാനിൽ നിർബന്ധിതമായി ഭരണമാറ്റം കൊണ്ടുവരുന്നതിനു നടത്തിയ ക്രൂരമായ ശ്രമങ്ങളെയും മോദിസർക്കാർ അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല.
ഇറാനെതിരേയുള്ള ആക്രമണങ്ങളും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ഊർജമേഖലയിൽ നടത്തിയ ആക്രമണങ്ങളും ഉടനടി തടയാൻ ഗൗരവമായ നയതന്ത്രശ്രമങ്ങൾ മോദിസർക്കാർ നടത്തിയിട്ടില്ല.
യുഎസ് പ്രസിഡന്റുമായും ഇസ്രയേൽ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രിക്ക് ഉണ്ടെന്നു വലിയരീതിയിൽ അവകാശപ്പെടുന്ന സൗഹൃദം വെടിനിർത്തൽ കൊണ്ടുവരാനായി ഉപയോഗിച്ചിട്ടില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
International
ലണ്ടൻ: ഇറാനെതിരായ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനികതാവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി ലഭിച്ചു. വെള്ളിയാഴ്ച ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കാൻ ഇറാൻ സജ്ജമാക്കിയിട്ടുള്ള മിസൈലുകൾ നശിപ്പിക്കാൻ മാത്രമാണ് അനുമതിയെന്നാണ് ബ്രിട്ടീഷ് വൃത്തങ്ങൾ വിശദീകരിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയേഗോ ഗാർസിയ ദ്വീപിലുള്ള ബ്രിട്ടീഷ്-യുഎസ് സൈനിക താവളത്തിൽനിന്ന് ഇനി ഇറാനു നേർക്ക് ആക്രമണം നടത്താൻ അമേരിക്കയ്ക്കു കഴിയും.
ബ്രിട്ടന്റെ തീരുമാനത്തെ ഇറാൻ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി പറഞ്ഞു.
ഇറാനെതിരേ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിൽ പങ്കുചേരാൻ സ്റ്റാർമർ മുന്പ് വിസമ്മതിച്ചിരുന്നതാണ്. പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളെ ഇറാൻ ആക്രമിച്ചതിനെത്തുടർന്ന് സ്റ്റാർമറിന് മനംമാറ്റമുണ്ടാവുകയായിരുന്നു.
International
മോസ്കോ: ഇറാനൊപ്പം റഷ്യ ഉണ്ടെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പേർഷ്യൻ പുതുവത്സരത്തോടനുബന്ധിച്ച് ഇറാനു നല്കിയ സന്ദേശത്തിലാണ് പുടിൻ ഇതു പറഞ്ഞത്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്തബ ഖമനയ്ക്കും പ്രസിഡന്റ് മസൂദ് പസെഷ്കിയാനും പുടിൻ അഭിനന്ദനം അറിയിച്ചു. യുഎസ്-ഇസ്രേലി ആക്രമണം പശ്ചിമേഷ്യയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെന്നും ആഗോള ഊർജ പ്രതിസന്ധിക്കു കാരണമായെന്നും പുടിൻ ആരോപിച്ചു.
ഇതിനിടെ ഇറാന് ഇന്റിലജൻസ് വിവരങ്ങൾ നല്കുന്നത് അവസാനിപ്പിക്കാൻ തയാറാണെന്ന് റഷ്യ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഇതിനു പകരമായി, റഷ്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ യുക്രെയ്നു നല്കുന്നത് അമേരിക്ക നിർത്തണമെന്നാവശ്യപ്പെട്ടു. അമേരിക്ക ഈ നിർദേശം തള്ളിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് വ്യാജമാണെന്ന് റഷ്യ പ്രതികരിച്ചു.
International
ടെഹ്റാൻ: ഇറാനെതിരെ ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പരമോന്നത നേതാവ് മുജ്തബ ഖംനഇ. അതേസമയം കഴിഞ്ഞ രാത്രിയിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന് ഡ്രോണുകൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ദുബായിലും സൗദിയിലും കുവൈറ്റിന്റെ വിവിധ മേഖലകളിലും ആക്രമണമുണ്ടായി. തുർക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും ഇവ ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണമാണെന്നും മുജ്തബ ഖംനഇ വ്യക്തമാക്കി.
തലമുതിർന്ന നേതൃത്വത്തെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയെന്നും മുജ്തബ ഖംനഇയുടെ പ്രസ്താവനയിലുണ്ട്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ സമാധാനത്തിന് മുൻകൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ശ്രദ്ധേയമാണ്.
അതേസമയം അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകിയ യുകെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം തങ്ങൾ ജയിച്ചു കഴിഞ്ഞെന്ന അമേരിക്കൻ അവകാശവാദത്തെയും ഇറാൻ പരിഹസിച്ചു.
അമേരിക്ക അവകാശപ്പെട്ടതല്ല സംഭവിക്കുന്നതെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അമേരിക്ക അവകാശപ്പെട്ട ശേഷമാണ് എഫ്-35 വിമാനം ഇറാൻ വീഴ്ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
International
ടെഹ്റാൻ: ഇറാന്റെ ഹൃദയം പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഇറാനിലെ സൗത്ത് പാർസ് ആക്രമിച്ചതെന്നു വിലയിരുത്തൽ. ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രകൃതി വാതക ഖനിയാണിത്. ഇവിടെ നടക്കുന്ന ആക്രമണം ഇറേനിയൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. അതുകൊണ്ടാണ് ഖത്തറിലെ ഗ്യാസ് പ്ലാന്റ് ആക്രമിച്ചുകൊണ്ട് ഉടൻതന്നെ ഇറാൻ തിരിച്ചടിച്ചത്. സൗത്ത് പാർസിനു നേർക്ക് ഇനി ഒരു ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഇറാന്റെ ശ്രമംകൂടിയായിരുന്നു ഖത്തറിലെ ഈ ആക്രമണമെന്നു കരുതുന്നു. യുദ്ധം പുതിയൊരു തലത്തിലേക്കു കടന്നതിന്റെ ലക്ഷണമാണ് ഇതെന്നാണ് പലരും വിലയിരുത്തുന്നത്.
ആഗോള ഊർജസുരക്ഷയ്ക്കു പുതിയ സംഭവങ്ങൾ ഭീഷണിയാണെന്ന് യുഎഇ പ്രതികരിച്ചു. അതേസമയം, ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണം നടത്തുന്നതിനു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും എതിരാണെന്നു പറയുന്നു.
സൗത്ത് പാർസ് എന്താണ്?
സൗത്ത് പാർസ് 9,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു വൻ വാതക ഖനിയുടെ ഭാഗമാണ്. ഇത് ഇറാനും ഖത്തറും പങ്കിടുന്നു. ഇറാന്റെ ഭാഗം സൗത്ത് പാർസ് എന്നും ഖത്തറിന്റെ ഭാഗം നോർത്ത് ഡോം (North Field) എന്നും അറിയപ്പെടുന്നു. പേർഷ്യൻ ഗൾഫിന് അടിയിൽ സ്ഥിതിചെയ്യുന്ന ഭാഗമാണിത്. ഈ വാതക ഖനിയിൽ 14 മുതൽ 51 ട്രില്യൺ ക്യൂബിക് മീറ്റർ വരെ വാതക ശേഖരമുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇവിടെ ആക്രമണം നടന്നെന്ന വാർത്ത പോലും എണ്ണ വില ഉയരാൻ ഇടയാക്കി.
ഇന്റർനാഷണൽ എനർജി ഏജൻസി (IEA) റിപ്പോർട്ട് പ്രകാരം ഇറാൻ ലോകത്തിലെ നാലാമത്തെ വലിയ വാതക ഉപയോക്താവാണ്. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഇറാനു മുന്നിലുള്ള രാജ്യങ്ങൾ. ഇറാന്റെ വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 80 ശതമാനം വാതകത്തിൽ നിന്നാണ്. അതിൽ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ് ലഭിക്കുന്നത്. സൗത്ത് പാർസിൽനിന്നുള്ള വാതക ഉത്പാദനം പ്രതിസന്ധിയിലായാൽ ഇറാന്റെ ഊർജ വിതരണ മേഖല സ്തംഭിക്കും.
ഇറാക്ക് പോലുള്ള രാജ്യങ്ങൾ ഇറാനിൽനിന്നു വാതകം വാങ്ങുന്നുണ്ട്. അവരുടെ വൈദ്യുതി, വാതക ആവശ്യങ്ങളുടെ ഏകദേശം 40 ശതമാനം വരെ നിറവേറ്റുന്നത് ഇറാൻ നിന്നു ലഭ്യമാക്കിയാണ്. സൗത്ത് പാർസ് ആക്രമിക്കപ്പെട്ടതോടെ, ഇറാൻ ആഭ്യന്തര ആവശ്യങ്ങൾക്കു വാതകം മാറ്റിയതോടെ പുറത്തേക്കുള്ള വിതരണം കുറഞ്ഞു. കൂടെ ഗൾഫ് പ്രദേശത്തെ മറ്റ് രാജ്യങ്ങളുടെ ഊർജ സൗകര്യങ്ങളെ ഇറാൻ ലക്ഷ്യമിട്ടതോടെ പ്രശ്നം ആഗോള പ്രതിസന്ധിയായി വളരുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വീണ്ടും രംഗത്ത്. ഇറാന്റെ ഊർജ സംവിധാനങ്ങളുടെ മേൽ ആക്രമണം നടത്തിയാൽ കണ്ണുംപൂട്ടി അടിക്കുമെന്നാണ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചിരിക്കുന്നത്.
ഇറാനിലെ സൗത്ത് പാർസ് വാതകപാടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തങ്ങൾ നൽകിയത് ചെറിയ മറുപടി മാത്രമാണെന്നും ആക്രമണം ഇനി ആവർത്തിച്ചാൽ പ്രത്യാഘാതം ചിന്തിക്കുന്നതിന് അപ്പുറമായിരിക്കുമെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചതിനെത്തുടർന്ന് ഇറാൻ ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റ് ആക്രമിച്ചിരുന്നു. ഈ ആക്രമണം ആഗോള ഊർജവിതരണത്തെ പ്രതിസന്ധിയിലാക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കയറ്റുമതി ശേഷിയിൽ ഏകദേശം 17 ശതമാനം കുറവ് വരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏഷ്യ, യൂറോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ വാതക വിതരണത്തെ പ്ലാന്റിലെ ആക്രമണം ബാധിച്ചേക്കും.
അതേസമയം, യുദ്ധം തുടരുന്നതിനിടെ, അമേരിക്കൻ പ്രതിരോധ വകുപ്പ് കോൺഗ്രസിൽനിന്ന് 200 ബില്യൺ ഡോളർ ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ യുദ്ധത്തിന്റെ ചെലവിലേക്ക് ഈ തുക വിനിയോഗിക്കാനാണ് പദ്ധതി. പ്രതിരോധ സെക്രട്ടറി ഈ യുദ്ധത്തിന് "അവസാന സമയം നിശ്ചയിച്ചിട്ടില്ല' എന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറേനിയൻ റെഡ് ക്രസന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുദ്ധം 21-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിലെ ആകെ മരണസംഖ്യ 1,444 പിന്നിട്ടു.
ഇറാന്റെ ഭരണനേതൃത്വത്തിലെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടുകഴിഞ്ഞു. യുദ്ധം നീണ്ടാൽ ഏറെ നാൾ ഒരു ഭരണകൂടമെന്ന നിലയിൽ ഇറാനു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് അമേരിക്കയും ഇസ്രയേലും വിലയിരുത്തുന്നത്. ഭരണകൂടത്തിനു മേലുള്ളസമ്മർദം കൂട്ടാനാണ് ഇറാന്റെ പ്രകൃതിവാതക പാടത്ത് ആക്രമണം നടത്തിയെന്നു കരുതുന്നു. ഇറേനിയൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വാതകപാടങ്ങളും മറ്റും.
International
റിയാദ്: ഇറാന്റെ ആക്രമണങ്ങൾക്കെതിരേ നിലപാട് കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. മേഖലയിൽ വർധിച്ചുവരുന്ന ഇറാന്റെ സൈനിക നീക്കങ്ങളും ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് റിയാദിൽ നടന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.
സൗദി അറേബ്യക്കു പുറമെ കുവൈറ്റ്, ലബനൻ, പാക്കിസ്ഥാൻ, ഖത്തർ, സിറിയ, തുർക്കി, യുഎഇ, അസർബൈജാൻ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ആദ്യപടിയായി ഇറാൻ ആക്രമണങ്ങൾ നിർത്തലാക്കണം. അന്താരാഷ്ട്ര നിയമങ്ങൾ, അന്താരാഷ്ട്ര മാനുഷികനിയമം, നല്ല അയൽപക്ക ബന്ധങ്ങൾ എന്നിവ ഇറാൻ ബഹുമാനിക്കണമെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ നയതന്ത്ര മാർഗങ്ങൾ സജീവമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും യോഗം വ്യക്തമാക്കി.
ഇറാനുമായുള്ള ഭാവിബന്ധം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തരകാര്യങ്ങളിലെ ഇടപെടാതിരിക്കൽ, സൈനികശേഷി ഉപയോഗിച്ച് അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താതിരിക്കൽ എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. സ്വന്തം താത്പര്യത്തിനായി അറബ് രാജ്യങ്ങളിലെ സായുധ സംഘങ്ങൾക്ക് സാമ്പത്തിക സഹായവും ആയുധവും നൽകുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെടുത്തുന്നതോ ബാബ് അൽമന്ദബ് കടലിടുക്കിലെ സമുദ്രസുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ ആയ നീക്കങ്ങളിൽനിന്നും ഭീഷണികളിൽനിന്നും ഇറാൻ വിട്ടുനിൽക്കണമെന്നും ലബനന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ആയുധങ്ങൾ കൈവശം വയ്ക്കാനുള്ള അധികാരം ലബനൻ സർക്കാരിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന തീരുമാനത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ജിസിസി രാജ്യങ്ങൾ, ജോർദാൻ, അസർബൈജാൻ എന്നിവയ്ക്കെതിരേ ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
International
ടെഹ്റാൻ: ഇസ്രയേൽ അടക്കമുള്ള ശത്രുരാജ്യങ്ങൾക്കു വിവരം ചോർത്തി നൽകി എന്നാരോപിച്ച് ഇറാനിൽ അഞ്ഞൂറിലേറെപ്പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 18 പേർക്ക് ഇസ്രയേൽ അനുകൂല ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇറാൻ ഇന്റർനാഷണൽ വാർത്താ ചാനലുമായി അടുപ്പമുള്ളവരാണെന്ന് ഇറാന്റെ രഹസ്യാന്വേഷണമന്ത്രാലയം അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടി തുടരുമെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു.
35 പേർ അറസ്റ്റിൽ
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വീഡിയോയും പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ യുഎഇ അറസ്റ്റ് ചെയ്തു.
ഇത്തരം നടപടികൾ രാജ്യത്തെ നിയമമനുസരിച്ചു ഗുരുതര നിയമലംഘനമാണെന്നും
കുറഞ്ഞത് ഒരു വർഷം തടവും 25 ലക്ഷം രൂപ പിഴയും ലഭിക്കാമെന്നും യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി മുന്നറിയിപ്പ് നൽകി.
International
ടെഹ്റാൻ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തിയ അമേരിക്ക, ഇപ്പോൾ അതേ രാജ്യങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി.
എക്സിലാണ് അരാഗ്ചി അമേരിക്കയുടെ നിലപാടുമാറ്റത്തെ പരിഹസിച്ചു രംഗത്തെത്തിയത്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് അമേരിക്ക നിലപാടു തിരുത്തിയതെന്നും അരാഗ്ചി ആരോപിച്ചു.
"റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യയുടെമേൽ മാസങ്ങളോളം അമേരിക്ക സമ്മർദം ചെലുത്തി. എന്നാൽ ഇറാനുമായുള്ള യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളോടു വൈറ്റ് ഹൗസ് അപേക്ഷിക്കുകയാണ്...' അരാഗ്ചി കുറിച്ചു.
റഷ്യക്കെതിരേ അമേരിക്കയുടെ പിന്തുണ ലഭിക്കുമെന്നു കരുതി ഇറാനെതിരായ യുദ്ധത്തെ പിന്തുണച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെയും അരാഗ്ചി രൂക്ഷഭാഷയിൽ വിമർശിച്ചു.
International
ദുബായ്: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 216 സ്ത്രീകളും 198 കുട്ടികളും കൊല്ലപ്പെട്ടു.
എട്ടു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മിനാബിലെ സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തിൽ 168 സ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു.
ഇറാനിൽ 32 ലക്ഷം പേർ ആഭ്യന്തരമായി പലായനം ചെയ്തുവെന്നു യുഎൻ റെഫ്യൂജി ഏജൻസി അറിയിച്ചു. നഗരങളിൽ നിന്നും രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേക്കുമാണു ജനം പലായനം ചെയ്തത്.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. എണ്ണക്കപ്പലുകളെ ആക്രമിക്കുകയോ യുഎസിനും ഇസ്രയേലിനുമെതിരായ നീക്കങ്ങൾ തുടരുകയോ ചെയ്താൽ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ശക്തമായ മറുപടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ രംഗത്തെത്തി. ഹോർമുസ് കടലിടുക്കിൽ ആക്രമണമുണ്ടായാൽ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. സംഘർഷം രൂക്ഷമായതോടെ നിലവിൽ ഈ വഴിയുള്ള ചരക്കുകപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്.
വിതരണം തടസപ്പെടുമെന്ന ഭീതിയെത്തുടർന്ന് തിങ്കളാഴ്ച ആഗോള വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തി. ഇത് കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം ഏകദേശം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ അവകാശവാദം.
ഏകദേശം നാലോ അഞ്ചോ ആഴ്ചകൾ യുദ്ധം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചത്, എന്നാൽ യുഎസ് വളരെയേറെ മുന്നിലാണെന്നും ഇത് വേഗത്തിൽ തന്നെ അവസാനിച്ചെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയുമില്ല. അവരുടെ മിസൈലുകൾ ചിതറിപ്പോയി, നിങ്ങൾ തന്നെ നോക്കിയാൽ മനസിലാകും, നിർമാണത്തിൽ ഉൾപ്പെടെ അവരുടെ ഡ്രോണുകൾ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. സൈനികപരമായി അവർക്ക് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല.-ട്രംപ് പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കപ്പലുകൾ കടലിടുക്കിലേക്കു പ്രവേശിക്കുന്നുണ്ടെന്നും ഹോർമുസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Sports
സിഡ്നി: ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനെത്തിയ ഇറാൻ ദേശീയ വനിതാടീമിലെ അഞ്ചു താരങ്ങൾ ഓസ്ട്രേലിയയിൽ അഭയം തേടി.
സ്വന്തം രാജ്യത്തേക്കു മടങ്ങിയെത്തിയാൽ ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷയെക്കരുതിയാണ് ഇവർ അഭയം തേടിയതെന്നും നിലവിൽ പോലീസ് കസ്റ്റഡിയിൽ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഗോൾഡ് കോസ്റ്റിലെ സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരായി നടന്ന മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ നിശബ്ദമായി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരിൽ നാട്ടിലെത്തിയാൽ ശിക്ഷിക്കപ്പെടുമെന്നാണ് താരങ്ങളുടെ ഭയം.
ഇറാൻ ടീമിനെ രാജ്യത്തേക്കു മടക്കി അയയ്ക്കാനാണ് ഓസ്ട്രേലിയയുടെ തീരുമാനമെങ്കിൽ അത് ഗുരുതരമായ മാനുഷിക പിശകായിരിക്കുമെന്നും അഭയം നൽകാൻ ഓസ്ട്രേലിയ തയാറായില്ലെങ്കിൽ അമേരിക്ക തയാറാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും അഭയം തേടിയ ഇറാൻ താരങ്ങളുടെ കാര്യത്തിൽ ഉറപ്പ് ലഭിച്ചതായും ട്രംപ് മറ്റൊരു കുറിപ്പിൽ അറിയിച്ചു.
International
ടെഹ്റാൻ: ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ ഇറാനിൽ നിന്നു പുറത്തുപോകരുതെന്നു പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.
വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്കു പോകരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.
ഇറാന്റെ അതിർത്തി കടന്നശേഷം മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നാൽ എംബസിക്ക് സഹായിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പിലുണ്ട്.
ഇറാനിലെ ഇന്ത്യൻ പൗരന്മാർക്കുള്ള അടിയന്തര കോൺടാക്റ്റ് ഹെൽപ്പ് ലൈനുകളും എംബസി നൽകിയിട്ടുണ്ട്. മൊബൈൽ നമ്പറുകൾ: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359. Email - [email protected]
International
റിയാദ്: ഇറാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുകയാണെന്നും സൗദി അറേബ്യ.
വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്കു ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സൗദി അറേബ്യക്കും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾക്കും മറ്റ് അറബ്-ഇസ്ലാമിക് സൗഹൃദ രാജ്യങ്ങൾക്കും നേരേ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ മിഡിൽ ഈസ്റ്റിലെ പരാജിതനാണെന്നും അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക നടപടിയിലൂടെയാണ് അത് സാധ്യമായതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്തിലാണ് ട്രംപ് കുറിച്ചത്.
അയൽരാജ്യങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ ക്ഷമ ചോദിച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
‘ഇറാൻ മിഡിൽ ഈസ്റ്റിലെ പരാജിതനായി മാറി, ദനയീമായി തോൽപ്പിക്കപ്പെട്ടിരിക്കുന്നു. മിഡിൽ ഈസ്റ്റ് അയൽക്കാരോട് മാപ്പ് ചോദിക്കുകയും കീഴടങ്ങുകയും ചെയ്തു, ഇനി അവർക്ക് നേരെ ആക്രമണം നടത്തില്ലെന്ന് ഉറപ്പ് നൽകി’ -ട്രംപ് പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിന്റേയും തുടർച്ചയായ സൈനിക നടപടിയിലൂടെയാണ് ഇത് സാധ്യമായത്. ഇറാൻ മേഖലയിൽ ഉടനീളം തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിച്ചിരുന്നു. മിഡിൽ ഈസ്റ്റ് കൈക്കലാക്കി ഭരിക്കാനുള്ള ശ്രമത്തിലായിരുന്നു. ആയിരം വർഷങ്ങളിൽ, ആദ്യമായി ഇറാൻ ചുറ്റുമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളോട് തോറ്റു. ഈ മേഖലയിലെ നിരവധി രാജ്യങ്ങൾ തനിക്ക് നന്ദി രേഖപ്പെടുത്തിയതായും താൻ സ്വാഗതം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു.
അയൽ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങൾ തങ്ങളെ ആക്രമിച്ചില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെയാണ് അറിയിച്ചത്.
അയൽരാജ്യങ്ങളുടെ പരമാധികാരവും താൽപര്യങ്ങളും ആദരിക്കുന്നുവെന്നും അവർക്കെതിരെ ആക്രമണമുണ്ടാകില്ലെന്നും ഇറാൻ റവലൂഷനറി ഗാർഡും വാർത്ത കുറിപ്പിൽ അറിയിച്ചു.
National
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് അടച്ചത് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമെന്ന് ഇറാൻ. മറ്റു രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി തടസമില്ലാതെ പോകാമെന്നും ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.
ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽചാലായ ഹോർമുസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാൻ നയം വ്യക്തമാക്കിയത്.
യുദ്ധം ആരംഭിച്ചതിനു ശേഷം ഈ പാതയിലൂടെയുള്ള എല്ലാ എല്ലാ വാണിജ്യ ഗതാഗതവും നിലച്ചിരിക്കുകയാണ്. യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് അന്താരാഷ്ട്ര നിയമത്തിലും പ്രമേയങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു.
ഹോർമുസിൽ കാണപ്പെടുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകളെ തീർച്ചയായും ആക്രമിക്കുമെന്ന് റവലൂഷണറി ഗാർഡ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. നേരത്തേ ചൈനീസ് കപ്പലുകൾക്കു മാത്രമേ കടലിടുക്ക് ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന് ഇറാൻ പറഞ്ഞിരുന്നു.
യുദ്ധം ആരംഭിച്ചതു മുതൽ ഹോർമുസ് ഇറാൻ അടച്ചിരിക്കുകയായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യഗതാഗതം ഇതിനുമുമ്പ് ഒരിക്കലും തടസപ്പെട്ടിരുന്നില്ല. ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് പോലും ഇതുവഴി വാണിജ്യ ഗതാഗതം തുടർന്നിരുന്നു.
International
ടെൽ അവീവ്: പരമോന്നത നേതാവായി ഇറാൻ ആരെ നിയമിച്ചാലും ആ നേതാവിനെയും തീർത്തുകളയുമെന്ന് ഇസ്രയേലിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനിയിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണിയുമായി രംഗത്തെത്തിയത്.
ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനും ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതി തുടരാനും അതിന് നേതൃത്വം നൽകാനും ഇറാനിയൻ ഭരണകൂടം നിയമിക്കുന്ന ഓരോ നേതാവും വ്യക്തമായ ഉന്മൂലനത്തിന് വിധേയമായിരിക്കുമെന്നാണ് ഇസ്രയേൽ കാറ്റ്സ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.
അതിന് അയാളുടെ പേരോ അയാളുടെ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്നമല്ലെന്നും ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.
International
മോസ്കോ: ഇറാൻ അണ്വായുധം വികസിപ്പിക്കുന്നതിന്റെ തെളിവ് റഷ്യക്കു ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാനായി പറഞ്ഞ പ്രധാന കാരണം ഇതാണ്.
യുദ്ധത്തിന്റെ പ്രത്യാഘാതം പശ്ചിമേഷ്യ മുഴുവൻ അനുഭവപ്പെടുന്നതായി ലാവ്റോവ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്നു.
സാന്പത്തികനഷ്ടവും നേരിടുന്നുണ്ട്. സംഘർഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
International
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസും ഇസ്രയേൽ സൈന്യത്തിന്റെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഐആർജിസി അവകാശപ്പെട്ടു.
"സയണിസ്റ്റ് ഭരണകൂടത്തിലെ ക്രിമിനൽ പ്രധാനമന്ത്രിയുടെ ഓഫീസും ഭരണകൂടത്തിന്റെ വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും ലക്ഷ്യമിട്ടു'. ഐആർജിസി വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
ഖൈബാർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് ഐആർജിസി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ജറുസലേമിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഇറാൻ മിസൈലുകൾ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മധ്യ ടെഹ്റാനിൽ വ്യാപക ആക്രമണം ആരംഭിച്ചുവെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ഇറാൻ സർക്കാരിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: ടെഹ്റാൻ: ഇറാനിൽ ഇസ്രായേലിന്റെയും യുഎസിന്റെയും സംയുക്താക്രമണത്തിൽ 555 പേർ മരിച്ചതായി റെഡ് ക്രസന്റ്. തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ വർധിക്കാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ട്.
131 നഗരങ്ങളിൽ ആക്രമണമുണ്ടായെന്നും സൊസൈറ്റി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇറാനിൽ ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാൻ പരമേന്നോത നേതാവ് ആയത്തുള്ള അലി ഖമനയ്യും 40 മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ നേതാവ് അലി ലാറിജാനി. ട്രംപിന് ഭയമാണ് അതിനാലാണ് ചർച്ചയ്ക്ക് തയാറെന്ന് അദ്ദേഹം പറഞ്ഞത്.
ട്രംപിന്റെ വികലമായ നയങ്ങൾ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ തെറ്റാണ്. അമേരിക്ക ഫസ്റ്റ് എന്ന സ്വന്തം മുദ്രാവാക്യത്തെ ട്രംപ് ഇപ്പോൾ ഇസ്രായേൽ ഫസ്റ്റ് എന്നാക്കി മാറ്റിയിരിക്കുകയാണ്.
International
മനാമ: ഗൾഫ് മേഖലയിൽ ആക്രമണം വ്യാപിച്ച ഇറാൻ ബഹ്റിനിലും മിസൈൽ ആക്രമണം ശക്തമാക്കി. മനാമയിലെ ജുഫെയ്ർ തുറമുഖ മേഖലയിൽ ഇന്നു രാവിലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശമുണ്ടായതായാണ് റിപ്പോർട്ട്.
ബഹ്റിനിലും അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം. അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്തതിൽ രണ്ടു പേർ മനാമയിൽ അറസ്റ്റിലായി. പിടിയിലായവരിൽ ഒരാൾ ബഹ്റിൻ പൗരനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മൊബൈൽ ഫോണിലും മറ്റു കാമറകളിലും നേരിട്ടുദൃശ്യങ്ങൾ പകർത്തുന്നതിലും പങ്കുവയ്ക്കുന്നതിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇറാന്റെ മിസൈലുകൾ ആകാശത്തുവച്ചുതന്നെ തകർക്കുന്നുവെന്നും മിസൈലിന്റെ അവശിഷ്ടങ്ങളാണ് താഴേക്കു പതിക്കുന്നതെന്നും പ്രവാസികൾ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും ജാഗ്രതാനിർദേശം പാലിക്കുന്നുണ്ടെന്നും വർഷങ്ങളായി ബഹ്റിനിൽ താമസിക്കുന്ന പ്രവാസികൾ പറഞ്ഞു.
ബഹ്റിനിൽ മാത്രമല്ല, ഗൾഫ് മേഖലയിലെ പ്രവാസികൾ ഒന്നടങ്കം ആശങ്കയിലാണ്. അവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ തുറക്കുന്നുണ്ട്. ആളുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്നതിനു വിലക്കുണ്ടെന്നും പൊതു ഇടങ്ങളിലെയും റോഡുകളിലെയും തിരക്കു കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണു സർക്കാർ നടപടിയെന്നും പ്രവാസികൾ പറഞ്ഞു.
ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. റംസാൻ മാസമായതിനാൽ ഉച്ചവരെ മാത്രമാണു പല ഓഫീസുകളുടെയും പ്രവർത്തനസമയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്നതായും പ്രവാസി മലയാളികൾ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ രാജ്യത്ത് അട്ടിമറിയിലൂടെ ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം.
ഖമനയ്യുടെ മരണത്തോടെ ഇറാനിലെ നിലവിലെ ഭരണസംവിധാനം തകരുമെന്ന പ്രതീക്ഷ വേണ്ടെന്നു രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 1979 മുതൽ രാജ്യത്തു നിലനിൽക്കുന്ന തീവ്ര മതഭരണകൂടത്തെ അട്ടിമറിക്കാൻ നിലവിലെ പ്രതിപക്ഷത്തിനു സാധിക്കില്ലെന്നാണ് യുഎസ് വിലയിരുത്തുന്നത്.
ഇറാനെതിരെയുള്ള ആക്രമണത്തിനു മുൻപ് തന്നെ സിഐഎ വൈറ്റ് ഹൗസിനു സമർപ്പിച്ച രഹസ്യ രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും റോയിട്ടേഴ്സ്. ഖമനയ് കൊല്ലപ്പെട്ടാൽ പകരക്കാരനായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ അത്രതന്നെ തീവ്ര നിലപാടുള്ള പുരോഹിതന്മാരോ ആയിരിക്കും അധികാരത്തിൽ വരികയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇത് ഇറാനിലെ നിലവിലെ വിദേശനയങ്ങളിലും സൈനികനീക്കങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും അതേസമയം, കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്കു ഭരണകൂടം എത്തിച്ചേർക്കാമെന്നും യുഎസ് വിലയിരുത്തുന്നു.
വർഷങ്ങളായി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിടുന്ന ഇറാൻ പ്രതിപക്ഷത്തിനു പെട്ടെന്നൊരു ഭരണമാറ്റം കൊണ്ടുവരാനുള്ള ശേഷിയില്ലെന്നാണ് അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇറാന്റെ തെരുവുകളിൽ ജനകീയപ്രക്ഷോഭങ്ങൾ ശക്തമാകുമെങ്കിലും ഭരണകൂടത്തെ താഴെയിറക്കാൻ ശേഷിയുള്ളതാകില്ല. ഖമനയ്യുടെ വിടവ് നികത്താൻ അവർക്കു പകരക്കാരുണ്ടെന്നുമാണ് അമേരിക്കൻ രഹസ്യ ഏജൻസികളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘര്ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്ക്ക് ഇറാന് തയാറാണെന്ന് ഒമാന്. ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന് വിദേശകാര്യമന്ത്രി ബദര് അല്ബുസൈദിയുമായി ഫോണില് നടത്തിയ ചര്ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്ച്ചകളില് ഒമാന് മധ്യസ്ഥതരായിരുന്നു. ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന് ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താന് സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് അവകാശപ്പെട്ടു.
തുര്ക്കിഷ് മാധ്യമമായ ടുഡേ തുര്ക്കിയാണ് ഇതുമായി ബന്ധപ്പെട്ട വാര്ത്ത പുറത്തുവിട്ടത്.
International
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും പകരംവീട്ടുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഷിയാ വിഭാഗത്തിന്റെ പ്രമുഖ നേതാവായ ആയത്തുള്ള അലി ഖമനയിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് ഷിയാകൾക്കെതിരേയുള്ള തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു. ഇറാൻ ശക്തമായി പ്രതികരിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ളവർ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആയത്തുള്ള അലി ഖമനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ രാജ്യത്തിന്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
International
ടെൽഅവീവ്: ഭീകര ഭരണകൂടങ്ങൾക്കെതിരെ കൂടുതൽ സൈനിക നടപടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്നും ജനങ്ങൾ തെരുവിൽ ഇറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുത്.
അടിച്ചമർത്തലിന്റെ ചങ്ങലകളിൽ നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങൾ അമേരിക്കയും ഇസ്രായേലും ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ദശലക്ഷക്കണക്കിന് ഇറാൻ പൗരന്മാർക്ക് തെരുവിലിറങ്ങി ഈ ഭീകര ഭരണകൂടത്തെ താഴെയിറക്കാൻ ലഭിക്കുന്ന സുവർണാവസരമാണിത്.
ഈ അവസരം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പേർഷ്യൻ, കുർദിഷ്, അസേരി, അഹ്വാസി, ബലൂചി തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിച്ചുനിന്ന് തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.
ടെഹ്റാനിലെ അതീവ സുരക്ഷയുള്ള ഖമനയിയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തി. ഈ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു. ഖമേനിയുടെ മരണത്തോടെ ഇറാന്റെ ഭീകരശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നതെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
International
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ മരണത്തിനു പിന്നാലെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. ആയത്തൊള്ള അറാഫിക്ക് ഇടക്കാല ചുമതല നൽകിയെന്ന് ഇറാൻ വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 111 പ്രാബല്യത്തിൽ കൊണ്ടുവന്നതായും റിപ്പോർട്ടുകളുണ്ട്. പരമോന്നത നേതാവിന്റെ ഒഴിവുണ്ടാകുമ്പോൾ താൽക്കാലികമായി മൂന്ന് അംഗ കൗൺസിൽ ഭരണ ചുമതലകൾ ഏറ്റെടുക്കണമെന്നാണ് ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 111 നിർദ്ദേശിക്കുന്നത്.
സ്ഥിരം നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ ഈ കൗൺസിൽ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ നിർവഹിക്കും. ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റ്, നീതിന്യായ വകുപ്പ് മേധാവി, ഗാർഡിയൻ കൗൺസിലിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു മതപണ്ഡിതൻ എന്നിവരാണ് ഈ കൗൺസിലിൽ ഉൾപ്പെടുന്നത്.
Sports
ടെഹ്റാൻ: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്. ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അമേരിക്കയും ഇസ്രയേലും ഇറാനില് ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്ബോൾ ലീഗുകൾ നിർത്തിവച്ചിരിക്കുകയാണ്. ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായിരുന്നു ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.
ജൂൺ 15ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയും 21ന് ബെൽജിയത്തിനെതിരെയും 26ന് സിയാറ്റിലിൽ ഈജിപ്തിനെതിരെയുമാണ് ഇറാന്റെ മത്സരങ്ങൾ.
International
ടെഹ്റാൻ: ഇറാനുമേൽ അമേരിക്കയും ഇസ്രയേലും ആക്രമണം രൂക്ഷമാക്കി. സംയുക്ത സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ 36 വിദ്യാർഥികൾ കൊല്ലപ്പെട്ടു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ മിസൈൽ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ വ്യക്തമാക്കി.
തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും അധികൃതർ വ്യക്തമാക്കി. രാവിലെ നടന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് സമീപം മിസൈൽ പതിച്ചിരുന്നു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയന്റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. മുൻ ഇറാൻ പ്രസിഡന്റ് അഹ്മദി നജാദിനെയും ഇസ്രായേൽ ലക്ഷ്യമിട്ടെന്നും വിവരമുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ ക്രൂരമാണെന്നും ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
യുദ്ധം ഒഴിവാക്കാൻ തങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാൽ ഇപ്പോൾ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു. ഗൾഫ്മേഖലയിലുള്ള എല്ലാ അമേരിക്കൻ വ്യോമതാവളങ്ങളും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: ഇറാനിൽ യുഎസ്, ഇസ്രയേൽ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ കുവൈറ്റിൽ കനത്ത ജാഗ്രത. കുവൈറ്റിൽ നിന്ന് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും കുവൈറ്റ് വ്യോമയാന അധികൃതർ റദ്ദാക്കി.
അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന രാജ്യമാണ് കുവൈറ്റ്. ഇത് കൊണ്ട് തന്നെ അമേരിക്കക്ക് എതിരേ ഇറാൻ നടത്തിയേക്കാവുന്ന പ്രത്യാക്രമണങ്ങൾ അതീവ ഗൗരവമയാണ് കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വീക്ഷിക്കുന്നത്.
സംഘർഷം തുടർന്നാൽ വരും മണിക്കൂറുകളിൽ കുവൈറ്റ് കൂടുതൽ മുൻ കരുതൽ നടപടികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
International
ടെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണിയാണ്.
ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഘാതകരായ ഈ ഭീകര ഭരണകൂടത്തെ ആണവായുധങ്ങൾ നേടാൻ അനുവദിക്കരുത്. അത് മാനവികതയെ ഭീഷണിപ്പെടുത്താൻ അവരെ സഹായിക്കും.
സംയുക്ത നടപടി ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ വിധി സ്വന്തം കൈയിലെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ റോറിംഗ് ലയൺ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപും സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു.
International
മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെ സംയുക്ത ആക്രമണത്തിന് മറുപടിയുമായി ഇറാൻ. വരും മണിക്കൂറുകളിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയുടെ അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി.
ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
ഭീഷണിയുടെ പശ്ചാത്തലത്തിൽ അമേരിക്കയും ഇസ്രായേലും കപ്പലുകൾ സുരക്ഷിത താവളത്തിലേക്ക് മാറ്റി. മുൻകാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈൻ ആക്രമണമാണ് ഇറാൻ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
എപ്പോഴും കരുതിയിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. നിശ്ചയിക്കപ്പെട്ട ഷെൽട്ടറുകൾക്കരികെ എല്ലാവരും തുടരണം. താമസസ്ഥലത്തുള്ളതോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും അടിയന്തര ജാഗ്രതാ നിർദേശങ്ങളും കൃത്യമായി നിരീക്ഷിക്കണം.
അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ഫോൺ: +972-54-7520711.
International
വാഷിംഗ്ടൺ: അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ ഇറാനിൽ സംയുക്ത ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്.
അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഈ സൈനിക നീക്കം. ആക്രമണം അനിവാര്യമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാനിൽ അമേരിക്കൻ ഇസ്രയേൽ സൈന്യം വലിയ തോതിലുള്ള സംയുക്ത ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ നാവികസേനയേയും മിസൈൽ കേന്ദ്രങ്ങളേയും തകർക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീർഘദൂര മിസൈൽ ഇറാൻ നിർമിക്കാൻ ശ്രമിച്ചു. ചെയ്യരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ സായുധസേനയുടെ ശക്തിയെ ആരും വെല്ലുവിളിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ നടപടി അനിവാര്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങളിൽ ഭയമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളിലായിരിക്കില്ലെന്നും ഇറാന്റെ മുന്നറിയിപ്പിൽ പറയുന്നു.
International
വാഷിംഗ്ടൺ: അമേരിക്കയുമായി കരാറിലെത്തണമെന്നും ഇല്ലെങ്കിൽ ഇറാൻ അനുഭവിക്കേണ്ടിവരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ പലതും സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
വരുന്ന 10 ദിവസത്തിനുള്ളിൽ യുഎസുമായുള്ള ചർച്ചകൾ പൂർത്തീകരിക്കണം. അല്ലെങ്കിൽ അമേരിക്ക ഒരു അടി കൂടി മുൻപോട്ട് വയ്ക്കുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസ് തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പശ്ചമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുയാണ്. എഫ്-35, എഫ്-22 ജെറ്റ് യുദ്ധവിമാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
അതേസമയം ഇറാനിൽ ശനിയാഴ്ച അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഇക്കാര്യം ട്രംപിനെ അറിയിച്ചു. എന്നാൽ ഈ കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ധാരണ ഉണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
International
വാഷിംഗ്ടൺ ഡിസി: ഇറാനിൽ ഭരണകൂട മാറ്റത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഭരണകൂടം മാറുന്നതാണ് ഏറ്റവും നല്ല കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാന്റെ നിയന്ത്രണം തുടർന്ന് ആർക്കായിരിക്കുമെന്നു ട്രംപ് വ്യക്തമാക്കിയില്ല. അതിന് ആളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 47 വർഷമായി ഇറാൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനിടെ ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടമായെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള അടുത്ത ആണവചർച്ച ചൊവ്വാഴ്ച ജനീവയിൽ നടക്കുമെന്നു സൂചനയുണ്ട്. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറുമാണ് ഇറേനിയൻ സംഘവുമായി പരോക്ഷ ചർച്ച നടത്തുക. ഒമാൻ മധ്യസ്ഥത വഹിക്കും.
ഇറാന്റെ മിസൈൽ പദ്ധതികൾ, പശ്ചിമേഷ്യയിൽ സായുധസംഘങ്ങളെ വളർത്തൽ തുടങ്ങിയ കാര്യങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം.
എന്നാൽ, ഉപരോധങ്ങൾ പിൻവലിക്കുന്നതിനു പകരം ആണവ ഇന്ധനമായ യുറേനിയത്തിന്റെ സന്പുഷ്ടീകരണ തോത് പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചയാകാം എന്നാണ് ഇറാന്റെ നിലപാട്.